Health
1948-ല് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) സ്ഥാപിതമായതിന്റെ സ്മരണയ്ക്കായി എല്ലാവര്ഷവും ഏപ്രില് ഏഴിന് ലോകാരോഗ്യദിനമായി ആചരിക്കുന്നു.
ആഗോളതലത്തില് പ്രാധാന ആരോഗ്യ ആശങ്കകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനും സര്ക്കാരിന്റെയും ആരോഗ്യ സ്ഥാപനങ്ങളുടെയും സമൂഹത്തിന്റെയും പ്രവര്ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനം സ്ഥാപിതമായത്.
ഈ വര്ഷത്തെ ആരോഗ്യത്തിന്റെ പ്രമേയം "ആരോഗ്യത്തിനായി ഒരുമിച്ച്, ശാസ്ത്രത്തോടൊപ്പം നില്ക്കുക' (Together for health, Stand with science) എന്നതാണ്.
ഈ വര്ഷത്തെ ആരോഗ്യ ദിനത്തിന്റെ പ്രത്യേകതകള്
ലോകാരോഗ്യ ദിനം നമ്മെ ഓര്മിപ്പിക്കുന്നത് - ആരോഗ്യം എന്നത് പെട്ടെന്നുള്ള മാറ്റങ്ങളോ ട്രെന്ഡുകളോ അല്ല, മറിച്ച് ദിവസേനയുള്ള ശീലങ്ങളിലൂടെ വളര്ത്തിയെടുക്കേണ്ട ദീര്ഘകാല പ്രതിബദ്ധതയാണ് എന്നതാണ്.
പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, മാനസിക സമ്മര്ദം കുറയ്ക്കുക, ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുക എന്നിവയിലൂടെ സുസ്ഥിരമായ ആരോഗ്യം ഉറപ്പാക്കാന് ഈ ദിനം ആഹ്വാനം ചെയ്യുന്നു.
ലോക ആരോഗ്യ ദിനത്തിലെ പ്രധാന നിര്ദേശങ്ങള്
· ഭക്ഷണക്രമം (Plate structure)
നിങ്ങളുടെ ഭക്ഷണത്തില് പകുതി ഭാഗവും പഴങ്ങളും പച്ചക്കറികളും ആയിരിക്കണം. ബാക്കി പകുതിയില് കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനും (lean protein), തവിടുള്ള ധാന്യങ്ങളും (whole grains) തുല്യമായി ഉള്പ്പെടുത്തുക.
· ഭക്ഷണം ഒരു മരുന്നായി കാണുക
ജീവിതശൈലി രോഗങ്ങളായ പ്രമേഹം, ഉയര്ന്ന രക്തസമ്മര്ദം, ഹൃദ്രോഗങ്ങള്, ഫാറ്റി ലിവര്, ദഹന പ്രശ്നങ്ങള് എന്നിവയെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും പോഷകാഹാരത്തിനെ പ്രയോജനപ്പെടുത്താം.
സ്കൂള് കുട്ടികള്ക്ക് യാത്രകളിലും മറ്റും നാം തെരഞ്ഞെടുക്കുന്ന ഫാസ്റ്റ് ഫുഡുകള്, ബേക്കറി ഭക്ഷണങ്ങള് എന്നിവയ്ക്ക് പകരം ഡ്രൈഫ്രൂട്ടുകള്, പഴങ്ങള്, വീട്ടില് തയാറാക്കുന്ന ആരോഗ്യകരമായ വിഭവങ്ങള് എന്നിവയ്ക്ക് മുന്തൂക്കം കൊടുക്കുക.
കുട്ടികളില് ആരോഗ്യകരമായ ഭക്ഷണരീതികള് ചെറുപ്പം മുതല് തന്നെ ശീലമാക്കുക. ദിവസവും വിവിധതരം പഴങ്ങളോ, പച്ചക്കറികളോ കഴിക്കാന് ശ്രമിക്കുക.
· ഭക്ഷണ ശുചിത്വം പാലിക്കുക
പച്ചക്കറികളും പഴങ്ങളും നന്നായി കഴുകുക, ഇറച്ചി, മീന് എന്നിവ കൃത്യമായി പാകം ചെയ്ത് ഉപയോഗിക്കുക. ഭക്ഷണം തയാറാക്കുന്നതും സൂക്ഷിച്ച് വയ്ക്കുന്നതും വൃത്തിയോടും സുരക്ഷയോടും കൂടി മാത്രം ചെയ്യുക.
ഇതിലൂടെ ഭക്ഷ്യ സാംക്രമിക രോഗങ്ങളെയും ഭക്ഷ്യവിഷബാധയെയും ചെറുക്കാന് സാധിക്കും.
· പ്രതിരോധത്തിന് മുന്ഗണന
വൈവിധ്യമാര്ന്ന നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ദിവസേന ഉള്പ്പെടുത്തുക, സംസ്കരിച്ചതും (processed) എണ്ണയില് വറുത്തതുമായ ഭക്ഷണങ്ങള് കുറയ്ക്കുക.
വെള്ളം ധാരാളം കുടിക്കുക, ആവിയില് വേവിച്ചതും വീട്ടില് തയാറാക്കുന്നതുമായ ഭക്ഷണത്തിന് മുന്ഗണന നല്കുക, പ്രായത്തിനും ശാരീരിക അവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണരീതി പിന്തുടരുക.
പഞ്ചസാരയും ഉപ്പും കുറയ്ക്കുക, മധുര പലഹാരങ്ങള്, കൃത്രിമ പാനീയങ്ങള് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക.
· ശരീരഭാരം മാത്രമല്ല പ്രധാനം
ശരീരഭാരം കുറയ്ക്കുന്നതില് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, ശരിയായ പോഷകപ്രദമായ ഭക്ഷണരീതി പിന്തുടര്ന്ന് ശരീരത്തിന്റെ ഊര്ജ്ജ നില, മാനസികാരോഗ്യം, മൊത്തത്തിലുള്ള ക്ഷേമം എന്നിവയ്ക്ക് പ്രാധാന്യം നല്കുക.
· മാനസികാരോഗ്യം
ജോലിത്തിരക്കിനിടയിലും മനസിന് സന്തോഷം നല്കുന്ന കാര്യങ്ങള്ക്കായി സമയം കണ്ടെത്തുക. യോഗ, ധ്യാനം, നൃത്തം, പൂന്തോട്ട പരിപാലനം, തയ്യല്, വളര്ത്തുമൃഗങ്ങള് പക്ഷികള് എന്നിവയോടൊപ്പം സമയം ചെലവഴിക്കല്, ചിത്രകല എന്നിവ മാനസിക സമ്മര്ദം കുറയ്ക്കാന് സഹായിക്കും.
· ശാരീരിക വ്യായാമം ശീലമാക്കുക
ജിമ്മില് പോകാന് കഴിഞ്ഞില്ലെങ്കിലും ദിവസവും 30 മിനിറ്റ് വേഗത്തില് നടക്കുന്നതും വീടിനുള്ളില് തന്നെ ചെയ്യാവുന്ന ശാരീരിക വ്യായാമങ്ങള്, നൃത്തം, സൈക്ലിംഗ്, എയ്റോബിക് എക്സര്സൈസ് എന്നിവ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്.
· ട്രന്ഡുകളല്ല, സ്ഥിരതയാണ് പ്രാധാനം
പോഷകാഹാരം എന്നത് ശാസ്ത്രീയമായ ഒരു ശീലവും ജീവിത രീതിയുമാണ്. പുതിയതും ശാസ്ത്രീയ അടിത്തറയില്ലാത്തതുമായ ട്രെന്ഡുകളുടെ പുറകെ പോയി കുറച്ചു ദിവസത്തെ ഡയറ്റില് മാത്രം ഒതുങ്ങേണ്ടതല്ല.
കേട്ടറിവുള്ളതും സോഷ്യല് മീഡിയയില് ട്രെന്ഡ് ആയതുമായ ഭക്ഷണരീതികള് പിന്തുടരുന്നതിന് പകരം ഒരു പ്രൊഫഷണല് ഡയറ്റീഷ്യന്റെക്ടറുടെയും വിദഗ്ധ ഉപദേശവും നിര്ദേശങ്ങളും സ്വീകരിക്കുക.
ആരോഗ്യകരമായ ഭക്ഷണം എന്നത് നിയന്ത്രണം മാത്രമല്ല, ശരിയായ ജീവിതശൈലി കൂടിയാണ്. കുടുംബത്തില് ആരോഗ്യകരമായ ഭക്ഷണശീലങ്ങള് വളര്ത്തിയെടുക്കുന്നത് കുട്ടികളില് നിന്നുതന്നെ ആരംഭിക്കണം.
വീടുകളില് തയാറാക്കുന്ന ഭക്ഷണങ്ങള്ക്ക് മുന്ഗണന നല്കുന്നതിലൂടെ ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കാന് സാധിക്കുന്നു. ഇതോടൊപ്പം തന്നെ ശരിയായ സമയത്ത് ഭക്ഷണം കഴിക്കുക, മാനസികാരോഗഗ്യം പരിപാലിക്കുക തുടങ്ങിയ കാര്യങ്ങളും പ്രാധാന്യമര്ഹിക്കുന്നു.
ആരോഗ്യ സംരക്ഷണ ആശുപത്രികളില് മാത്രം ആരംഭിക്കുന്ന ഒന്നല്ല, നമ്മുടെ വീടുകളില് നിന്നുമാണ് അത് തുടങ്ങുന്നത്. "നല്ല ഭക്ഷണ രീതികള് സ്വീകരിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാം' എന്ന ദൃഢനിശ്ചയത്തോടെ ഓരോ ദിവസവും നമുക്ക് ആരംഭിക്കാം.
"നല്ല ഭക്ഷണം - നല്ല ആരോഗ്യത്തിന്റെ അടിസ്ഥാനം' എന്ന സന്ദേശത്തോടെ, ആരോഗ്യകരമായ ഒരു സമൂഹത്തിനായി നമുക്ക് ഒന്നിച്ച് പ്രവര്ത്തിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: അനു മാത്യു
ഡയറ്റീഷ്യന്, എസ്യുടി ഹോസ്പ്പിറ്റൽ, പട്ടം.
Kerala
കോട്ടയം: പാലാ ഉഴവൂരില് ജിമ്മില് വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. അണ്ടൂര് മരങ്ങാട്ടുപിള്ളി ഐരാറ്റില് ഹരിദാസ് പണിക്കര് ആണ് മരിച്ചത്.
കുഴഞ്ഞു വീണ ഉടന്തന്നെ ഉഴവൂര് ഗവണ്മെന്റ് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരങ്ങാട്ടുപിള്ളി പോലീസ് സ്ഥലത്തെത്തി മേല് നടപടികള് സ്വീകരിച്ചു. മൃതദേഹം പാലാ ജനറല് ആശുപത്രി മോര്ച്ചറിയില്.
District News
ഇരിങ്ങാലക്കുട: നിയമസഭാ തെരഞ്ഞെടുപ്പില് വിവേകപൂര്വം വോട്ടവകാശം വിനിയോഗിക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട രൂപതയില് സര്ക്കുലര് ഇറക്കി. വോട്ടു രേഖപ്പെടുത്താതിരിക്കുന്നതു പൗരധര്മത്തോടുള്ള വിമുഖത മാത്രമല്ല, സാമൂഹികപ്രതിബദ്ധതയില്നിന്നുള്ള പിന്മാറ്റംകൂടിയാണെന്നും അതുകൊണ്ട് വിവേകപൂര്വം വോട്ട് രേഖപ്പെടുത്താനും നാടിന്റെ നന്മയ്ക്കായി പ്രാര്ഥിക്കാനും പ്രവര്ത്തിക്കാനും സര്ക്കുലറിലൂടെ ബിഷപ് മാര് പോളി കണ്ണൂക്കാടന് ആഹ്വാനംചെയ്തു.
ജനാധിപത്യസംവിധാനത്തില് ഓരോ പൗരനും ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അവകാശവും കടമയുമാണ് വോട്ടവകാശം. ഈ ദൗത്യം കേവലം ഒരു രാഷ്ട്രീയപ്രവര്ത്തനമല്ല, മറിച്ച് രാഷ്ട്രനിര്മാണത്തിലും സാമൂഹികനീതിയിലുമുള്ള ഉത്തരവാദിത്വമാണ്. രാഷ്ട്രത്തിന്റെയും സംസ്ഥാത്തിന്റെയും ഭരണപ്രക്രിയയില് സജീവമായി പങ്കുചേരുക എന്നത് ഓരോ കത്തോലിക്കാവിശ്വാസിയുടെയും പൗരധര്മമാണ്. ഒരു ക്രൈസ്തവന്റെ ആത്മീയജീവിതം പ്രാര്ഥനയില്മാത്രം ഒതുങ്ങിനില്ക്കുന്ന ഒന്നല്ല. അതു സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്ത്തിക്കുന്ന ഉത്തരവാദിത്വത്തിലേക്കുംകൂടി വ്യാപിക്കുന്നതാണ്.
എല്ലാ കത്തോലിക്കാവിശ്വാസികളും തങ്ങളുടെ പേര് വോട്ടര്പട്ടികയില് ഉള്പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വോട്ടവകാശം കൃത്യമായി വിനിയോഗിക്കുകയും ചെയ്യേണ്ടത് ഒരു അടിസ്ഥാനകടമയാണ്. അതു നീതിയും പൊതുനന്മയും സംരക്ഷിക്കുന്നതിനായുള്ള ഒരു ക്രൈസ്തവന്റെ അവകാശംകൂടിയാണ്. ഇക്കാര്യത്തിനായി കര്മപദ്ധതികളും സര്ക്കുലറില് നിര്ദേശിച്ചിട്ടുണ്ട്.
തങ്ങളുടെ പേര് വോട്ടര്പട്ടികയില് ഉള്പ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കണം. ഇല്ലെങ്കില് ഉടന്തന്നെ പേരുചേര്ക്കുന്നതിനുള്ള നടപടികള് സ്വീകരിക്കണം. വോട്ടവകാശമുള്ള എല്ലാവരും വോട്ടുചെയ്തുവെന്നു ഉറപ്പുവരുത്തുന്നതിനായി സിഎല്സി, കെസിവൈഎം, മാതൃസംഘം, എകെസിസി എന്നീ സംഘടനാപ്രവര്ത്തകള് കുടുംബകൂട്ടായ്മ ഭാരവാഹികളോടുചേര്ന്ന് പ്രവര്ത്തിക്കണം.
പുതുതായി 18 വയസ് പൂര്ത്തിയായവര് വോട്ടര്പട്ടികയില് ഉള്പ്പെട്ടിട്ടുണ്ടെന്ന് യുവജനപ്രസ്ഥാനങ്ങള് ഉറപ്പുവരുത്തണം.
വോട്ടു രേഖപ്പെടുത്തുക എന്നതു ക്രൈസ്തവന്റെ അവകാശം മാത്രമല്ല, വലിയ ഉത്തരവാദിത്വംകൂടിയാണെന്നും രാഷ്ട്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഭരണത്തില് സജീവമായി പങ്കുചേരുക എന്നതു സഭയുടെ പ്രവര്ത്തനത്തിന്റെ ഭാഗമാണെന്നും സർക്കുലറിൽ ബിഷപ് വ്യക്തമാക്കി.
National
ന്യൂഡൽഹി: പാക് പഞ്ചാബ് പ്രവിശ്യയിൽ അമേരിക്കയും പാക്കിസ്ഥാനും തീവ്രവാദത്തിനെതിരേ സംയുക്ത സൈനിക പരിശീലനം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോണ്ഗ്രസ്.
"ഇൻസ്പയേർഡ് ഗാംബിൾ’ എന്ന കോഡ് പേരിലുള്ള സംയുക്ത സൈനികപരിശീലനം പൂർത്തിയായെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവന പുറപ്പെടുവിച്ചത് സ്വയംപ്രഖ്യാപിത വിശ്വഗുരുവിന്റെ ആത്മപ്രശംസാ നയതന്ത്രത്തിനേറ്റ മറ്റൊരു തിരിച്ചടിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
2025 ജൂണിൽ അന്നത്തെ യുഎസ് സെൻട്രൽ കമാൻഡിന്റെ മേധാവിയായിരുന്ന മൈക്കിൾ കുനില്ല തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ പാക്കിസ്ഥാനെ അസാമാന്യമായ പങ്കാളി എന്നു പ്രശംസിച്ചിരുന്നുവെന്ന് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാൻ ആസൂത്രണം ചെയ്ത പഹൽഗാം ഭീകരാക്രമണത്തിന് തീവ്രവികാരമുണർത്തുകയും വർഗീയ പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രസ്താവനകളിലൂടെ പശ്ചാത്തലം നൽകുകയും ചെയ്ത പാക് ഫീൽഡ് മാർഷൽ അസിം മുനീറിനോടുള്ള ആഴത്തിലുള്ള ആരാധന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിരന്തരമായി പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജയ്റാം ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ സിന്ദൂർ നിർത്തുന്നതിനായി താൻ ഇടപെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസവും ട്രംപ് ആവർത്തിച്ചെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി.
National
സഹരൺപുർ: ഉത്തർപ്രദേശിൽ ഫയറിംഗ് പരിശീലനത്തിനിടെയുണ്ടായ സ്ഫോടനത്തിൽ നാല് സൈനികർക്കു പരിക്കേറ്റു. ബഡ്കല വനത്തിലെ ഫയറിംഗ് റേഞ്ചിൽ ശനിയാഴ്ച രാത്രി പതിവു പരിശീലനത്തിനിടെയാണു സംഭവം. പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
Health
വർഷം തോറും 18.6 ദശലക്ഷം ആളുകളുടെ ജീവനപഹരിച്ച് നമ്പര് വൺ നിശബ്ദ കൊലയാളിയായി ഹൃദ്രോഗം തുടരുന്നു. ഇതില് 80 ശതമാനത്തിലേറെയും തടയാനാകും എന്നതാണു വസ്തുത.
പുകവലി ഉപേക്ഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ചെയ്താൽ നല്ലൊരു പരിധി വരെ ഹൃദ്രോഗം തടയാം.
ആരോഗ്യകരമായ ജീവിതശൈലി എന്നാല് പ്രധാനമായും ആരോഗ്യകരമായ ഭക്ഷണ രീതി, കൃത്യമായ വ്യായാമം, മാനസിക സമ്മര്ദം കുറയ്ക്കുന്നതിനായി യോഗ, ധ്യാനം, വിനോദം തുടങ്ങിയവ സ്വീകരിക്കുക എന്നതാണ്.
ആരോഗ്യകരമായ ഭക്ഷണരീതി
വ്യായാമം
ജീവിതം ചലനാത്മകമാവട്ടെ.. ഒറ്റയ്ക്കോ സുഹൃത്തുക്കള്ക്കൊപ്പമോ ആയിക്കോട്ടെ - ഓട്ടമോ, നടത്തമോ, കളികളോ ആവാം. അവനവനായി സമയം കണ്ടെത്തുക. മനസിന് സന്തോഷം തരുന്ന കാര്യത്തില് ദിവസത്തില് കുറച്ചു സമയമെങ്കിലും ഏര്പ്പെടുക. മാനസിക സമ്മര്ദം കുറയട്ടെ.
ഐടി മേഖലയില് വാശിയോടെ മത്സരിച്ച് ജോലി ചെയ്യുന്നവര് കുത്തിയിരുന്ന് രോഗം വിലയ്ക്കു വാങ്ങുന്ന സ്ഥിതിയാണ്. ജിം, സൂംബ ഡാന്സ്, വ്യായാമം ചെയ്യാനുള്ള സൗകര്യം എന്നിവ പല തൊഴിലിടങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്.
ജീവിതശൈലീരോഗങ്ങള് കടന്നുവരുന്ന പ്രായം ഗണ്യമായി കുറഞ്ഞു വരികയാണ്. ഹൃദ്രോഗ കാരണങ്ങളായ പ്രമേഹം, അമിത രക്തസമ്മര്ദം, അമിത കൊളസ്ട്രോള് എന്നിവ ആഹാരക്രമം, വ്യായാമം, ഡോക്ടറുടെ നിര്ദേശാനുസരണമുള്ള മരുന്നുകള് എന്നിവയിലൂടെ നിയന്ത്രിക്കുക.
നെഞ്ചുവേദന അനുഭവപ്പെട്ടാൽ...
നെഞ്ചുവേദന അനുഭവപ്പെട്ടാല് സംശയം തീര്ക്കാന് നിര്ദേശപ്രകാരം പരിശോധനകള്ക്ക് വിധേയമാവുക - ഇസിജി, ട്രോപോനിന് ടെസ്റ്റ് എന്നിവ ആദ്യഘട്ടത്തിലും ആവശ്യമെങ്കില് ട്രെഡ്മില് ടെസ്റ്റ്, എക്കോ കാര്ഡിയോഗ്രാഫി, ആന്ജിയോഗ്രാം മുതലായ പരിശോധനകളിലൂടെയും രോഗം കണ്ടുപിടിക്കാനാവും.
രോഗമുള്ളവര്ക്ക് ചികിത്സാ സംവിധാനങ്ങളെല്ലാം സര്വസാധാരണമായി ലഭ്യമാണ്. മരുന്നുകള് കൂടാതെ ചിലര്ക്ക് ആന്ജിയോപ്ലാസ്റ്റി, ബൈപാസ് സര്ജറി എന്നിവയും ആവശ്യമായി വന്നേക്കാം.
ഇതു കൂടാതെ അതിനൂതനമായ ചില ചികിത്സാ രീതികള് - അതായത് ശസ്ത്രക്രിയ കൂടാതെ വാല്വ് മാറ്റിവയ്ക്കുന്നത് (TAVI), മുറിവില്ലാതെ പേസ്മേക്കര് വയ്ക്കുന്നത് (Leadless pacemaker) തുടങ്ങിയവ വരെ ഇപ്പോള് ലഭ്യമാണ്.
എന്നിരുന്നാലും അസുഖം വരാതെയുള്ള ഹൃദയസംരക്ഷണം തന്നെയാണ് ഏറ്റവും ഉചിതം.
വിവരങ്ങൾ: ഡോ. രാജലക്ഷ്മി എസ്.
MD DM FACC FESC FICC
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്, എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.